കര്‍ക്കടകം ഒന്നു മുതല്‍ മുപ്പത്തിയൊന്നുവരെയാണ് രാമായണപാരായണം
നടത്തുന്നത്. ഈ മാസത്തിനുള്ളില്‍തന്നെ മുഴുവനായും പാരായണം
നടത്തിയിരിക്കണം. ഒരാവൃത്തി രാമായണം വായിച്ചാല്‍ കിട്ടുന്ന ഫലം ഒരു യാഗം
കഴിച്ച പുണ്യമാണ്. വായനയോടൊപ്പം തന്നെ ചില പ്രത്യേക പൂജകളും
നടത്താറുണ്ട്. ശ്രീരാമപട്ടാഭിഷേകഭാഗം വായിക്കുമ്പോള്‍ പൂജ പ്രധാനവുമാണ്.
ലക്ഷ്മണനോടു ശ്രീരാമന്‍ നടത്തുന്ന ഉപദേശം രാമായണത്തിലെ പ്രധാന ഭാഗമാണ്. രാജ്യം, ദേശം, ധനം, ധാന്യം എന്നിവ നശ്വരമാണെന്നു ശ്രീരാമനിലൂടെ എഴുത്തച്ഛന്‍ ഓര്‍മിപ്പിക്കുന്നു. ക്ഷണഭംഗുരമാണു മര്‍ത്ത്യ ജീവിതമെന്നറിയാന്‍ ഇതു സഹായിക്കും. ബ്രാഹ്മണനാണെന്നും ധനികനാണെന്നും ധീരനാണെന്നുമൊക്കെ അഹങ്കാരംകൊണ്ട് മദിക്കുന്നവര്‍ ഒരു ദിവസം വെന്തു വെണ്ണീറാകുമെന്ന പരമമായ സത്യം എഴുത്തച്ഛന്‍ പറഞ്ഞുതരുന്നു.
ഇത് വായിച്ചാല്‍ കാമം, ക്രോധം, മോഹം എന്നിവ നിയന്ത്രിക്കാനാകും. ജനനം, മരണം, ദുഃഖം എന്നിവയെക്കുറിച്ചു ചിന്തിച്ച് ജീവിതം വ്യര്‍ഥമാക്കാതെ ശ്രീരാമ ഭക്‌തിയില്‍ ജീവിച്ച് മോക്ഷം പ്രാപിക്കാം. ഈശ്വരനാമപ്രകീര്‍ത്തനം, പൂജ എന്നിവയും വേണം. എങ്കില്‍ മുക്‌തിയും സിദ്ധിക്കും.കര്‍ക്കടകത്തിന്റെ പഞ്ഞനാളുകളിലെ കറുപ്പിനെ മായ്ച്ചുകളയാന്‍ രാമായണ വെളിച്ചത്തിന് കഴിയുന്നു.
തെറ്റുകള്‍ മനസ്സിലാക്കി, തിരുത്തി, മനസ്സ് ശുദ്ധമാക്കി പുരാണപാരായണം നടത്തി സദ്ജീവി തത്തിനു ശ്രമിക്കുകയാണ് കര്‍ക്കടകത്തിലൂടെ. ഇതുതന്നെയാണ് രാമായണ വായനയുടെ ഫലസിദ്ധിയും. വാല്‍മീകി രാമായണത്തില്‍ രാമനാണ് കഥയാരംഭിക്കുന്നതെങ്കില്‍ അധ്യാത്മ രാമായണത്തില്‍ പുരാണ സമ്പ്രദായമനുസരിച്ചു സൂതനാണ് കഥ പറയുന്നത്. കഥ അവതരിപ്പിക്കുന്നതാകട്ടെ ഉമ-മഹേശ്വരസംവാദരൂപത്തിലും.
രാമായണവും എഴുത്തച്ഛനും അധ്യാത്മ രാമായണവുമൊക്കെ കര്‍ക്കടകമാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമചന്ദ്രന്‍ ജനിച്ചതും കര്‍ക്കടകരാശിയിലാണ്. ലവനും കുശനും ചേര്‍ന്ന് ആദ്യമായി രാമകഥയാലപിച്ചതും കര്‍ക്കടകത്തിലായിരുന്നു. എഴുത്തച്ഛന്റെ രാമായണം വായിക്കുമ്പോള്‍ വീടുകളിലും വീട്ടുകാരിലും പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് ശാസ്‌ത്രം. രാമായണവായനയുടെ പരമമായ ദൗത്യവും ഇതുതന്നെയായിരിക്കണം.
ദുരിത നിവാരണത്തിനും ശോകനാശത്തിനും രാമസ്മരണയോടൊപ്പം രാമായണ പാരായണവും രാമക്ഷേത്രദര്‍ശനങ്ങളുമൊക്കെ ഉത്തമമാണ്. ഒരു കൊല്ലം ചെയ്ത കര്‍മ്മങ്ങളും പ്രവൃത്തികളും പുനപരിശോധിക്കാനുള്ള മാസമായാണ് കര്‍ക്കിടക മാസത്തെ പഴയ തലമുറക്കാര്‍ കരുതിയിരുന്നത്. ജീവിതത്തിന്റെ ക്ഷണികതയും വിധിവിഹി തങ്ങളുമൊക്കെയാണ് എഴുത്തച്ഛന്‍ കിളിപ്പാട്ടിലൂടെ ഓര്‍മിപ്പിക്കുന്നത്. പാരായണം പോലെതന്നെ രാമായണശ്രവണവും പുണ്യമാണ്.
ഓരോ ഭാഗം വായിക്കു മ്പോഴും വ്യത്യസ്‌തമായ ഫലപ്രാപ്‌തിയുമുണ്ട്. രാമായണപാരായണം മാത്രമല്ല, രാമായണ കഥാപാത്രങ്ങളെ സ്മരിക്കുന്നതും പുണ്യമാണ്. ശ്രീരാമക്ഷേത്രദര്‍ശനവും നടത്തണം. ബാലകാണ്ഡ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ വെവ്വേറെ ഫലങ്ങളാണു സിദ്ധിക്കുന്നത്. രാമന്റെ വിദ്യാഭ്യാസത്തെപ്പറ്റി വര്‍ണിക്കുന്ന ഭാഗം വിദ്യാര്‍ത്ഥികള്‍ ശ്രവിക്കുന്നത് ഉത്തമമാണ്.
സദാചാരബോധത്തോടെ വളര്‍ന്നുവരുന്ന ഒരു വ്യക്‌തി എത്രതന്നെ ഭൗതികവിദ്യാഭ്യാസം നേടിയാലും സദാചാരനിരതനായിതന്നെ ജീവിക്കുമെന്ന പാഠം ശ്രീരാമകഥ പഠിപ്പിക്കുന്നു. ഇതു വായിക്കുകയോ, ശ്രവിക്കുകയോ ചെയ്‌താല്‍ കിട്ടുന്ന ഫലം ഗുരുകടാക്ഷമാണ്. മാരീചന്‍, സുബാഹു, താടക തുടങ്ങിയവരെ വധിക്കുന്ന ഭാഗങ്ങള്‍ വായിക്കുമ്പോള്‍ തൃഷ്ണകളെ ജയിച്ച മനസ്സിന്റെ ഉടമകളായിത്തീരും.
സുഖദുഃഖങ്ങളെ സമഭാവനയോടെ കാണാന്‍ ഇതു പതിവായി വായിച്ചാല്‍ സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാമാഭിഷേകഭാഗങ്ങളുടെ തുടക്കത്തില്‍ത്തന്നെയുള്ള വിഘ്നങ്ങളുടെ ഉദ്ദേശ്യം ശോകനിവൃത്തിയാണ്. പരമാനന്ദസുഖമാണ് രാമാഭിഷേക വായനയുടെ ഫലസിദ്ധി. ആകുലതകള്‍ മനസ്സില്‍നിന്നു വിട്ടൊഴിയുന്ന അനുഭവം ഉണ്ടാകും.
ജീവിതത്തിന്റെ സത്യവും പരമാര്‍ഥവും കണ്ടെത്താനും ഭക്‌തിയുടെ കൊടുമുടി കയറിപ്പോകാനും ഈശ്വരകാരുണ്യം നേടാനും സുന്ദരകാണ്ഡം വായിക്കുന്നത് നല്ലതാണ്. പഞ്ചവടിയിലെ ഭാഗങ്ങള്‍ വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും മനസ്സ് ഏകാഗ്രമാക്കാനും പഞ്ചേന്ദ്രിയങ്ങളെ കീഴടക്കാനും കഴിയുന്നു.പൊന്‍മാനെ തേടിപ്പോവുന്ന ഭാഗം വായിക്കുമ്പോള്‍ വൈരാഗ്യം വെടിഞ്ഞ മനസ്സാണ് സിദ്ധിക്കുക.
ശ്രീരാമന്‍ ശബരിയുടെ ആശ്രമം സന്ദര്‍ശിക്കുന്നതും അനുഗ്രഹിക്കുന്നതുമായ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഭക്‌തി വര്‍ധിക്കുന്നു. പാപം അകന്ന്, മനസ്സ് ശുദ്ധമായി, നിഷ്കളങ്കവും നിര്‍വ്യാജവുമായ ഭക്‌തിയില്‍ ലയിക്കുന്ന അവസ്ഥ കൈവരും. ഭക്‌തി നാഗരികന്റേതാണേലും പ്രാകൃതന്റേതാണെലും തുല്യമാണെന്ന ബോധവും അങ്കുരിപ്പിക്കും. വനവാസക്കാലം വായിക്കുമ്പോള്‍ പൗരുഷം, വീര്യം, തപസ് എന്നിവയാല്‍ അഹങ്കരിക്കുന്നവര്‍ക്ക് പ്രാരാബ്ധവും ജ്ഞാനികള്‍ക്ക് ബ്രഹ്മവിദ്യയും കൈവരും.
0 comments :
Post a Comment