Pages

Labels

രാമായണം

ആദികാവ്യമായ രാമായണം ഭക്‌തിപുരസരം വീടുകളിലും ക്ഷേത്രങ്ങളിലും അലയടിക്കുന്ന രാമായണമാസത്തിന്റെ തുടക്കം. വിരോധവും വിദ്വേഷവും ഇല്ലാത്ത ധര്‍മ്മപുരുഷനായ രാമനും രാമകഥയും ഭാരതീയര്‍ക്ക്‌ ഉത്‌കൃഷ്‌ടമാണ്‌. ത്രേതായുഗത്തിന്റെ അന്ത്യത്തിലാണു രാമാവതാരമെന്നാണു വിശ്വാസം. രാമകഥ പറയുന്ന രാമായണം ലോകം ഒരു കുടുംബമെന്നു വിളംബരം ചെയ്യുന്നു.

ആസുരതയ്‌ക്ക് എന്നും എതിര്‍നിന്നിട്ടുള്ള രാമന്‍ മാനവികതയുടെ മഹിത രൂപമായിരുന്നു. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജീവിതം തന്നെയാണു രാമായണത്തിന്റെ സന്ദേശവും. വാത്മീകി രാമായണത്തിന്‌ വിവിധ ഭാഷകളിലായി നിരവധി തര്‍ജമകളുണ്ട്‌.മലയാളത്തില്‍ നിരവധി രാമായണങ്ങളുണ്ടെങ്കിലും മലയാളികള്‍ നെഞ്ചേറ്റിയത്‌ തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ്‌.

ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയിലൂടെയുള്ള തീര്‍ഥയാത്ര ഭക്‌തസഹസ്രങ്ങളെ ആനന്ദാനുഭൂതിയിലാഴ്‌ത്തുന്നു. രാമായണത്തിലൂടെ എഴുത്തച്‌ഛന്‍ കാണിച്ചുതരുന്നത്‌ ജീവിതദര്‍ശനങ്ങളാണ്‌. രാമനാമത്തിന്‌ ഏറെ മഹത്വം ആചാര്യന്‍മാര്‍ കല്‍പ്പിച്ചിരിക്കുന്നു. രാമനാമത്തിലൂടെ അസാധ്യമായ പലതും സാധിക്കപ്പെട്ടതായി പുരാണങ്ങള്‍ പറയുന്നു. രാമായണ പാരായണത്തിനായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലവര്‍ഷത്തിലെ അവസാനമാസമായ കര്‍ക്കിടകത്തിനും പ്രാധാന്യം ഏറെയുണ്ട്‌. ദാരിദ്ര്യത്തിനിടയിലും ആധ്യാത്മിക തേജസിന്റെ ശബളിമയില്‍ സമൃദ്ധമാണ്‌ കര്‍ക്കിടകം. ഭക്‌തിലഹരിയാകുന്ന പ്രാത- സായം സന്ധ്യകള്‍, ശീവോതിക്കുവയ്‌ക്കലും പത്തിലവയ്‌ക്കലും, കനകപ്പൊടി സേവ, ഔഷധ സേവ, ഇല്ലം നിറ, തുയിലുണര്‍ത്തുപാട്ട്‌, കര്‍ക്കിടക കഞ്ഞി, തീര്‍ഥയാത്രകള്‍ എന്നിവ ഈ മാസത്തെ പ്രത്യേകതകളാണ്‌.

കര്‍ക്കിടകത്തിലെ ആദ്യ ഏഴുനാള്‍ പ്രധാനമാണ്. രാമായണം നിവര്‍ത്തി പകുത്തെടുത്ത് ഏഴു വരിയും ഏഴക്ഷരവും തള്ളി വായന ആരംഭിക്കണമെന്നാണ് ശാസ്ത്രമതം. രാമായണ പാരായണത്തില്‍ കര്‍ക്കിടകം 14ന് ബാലിവധവും, 28ന് രാവണവധവും നടന്നിരിക്കണമെന്നാണ് ചട്ടം. കര്‍ക്കിടകാരംഭത്തില്‍ യുദ്ധകാണ്ഡത്തില്‍ ആരംഭിച്ച് ചിങ്ങപ്പിറവിയോടെ പട്ടാഭിഷേകത്തില്‍ അവസാനിപ്പിക്കുന്നതായിരുന്നു പൊതുവിലുള്ള രീതി.
രാമജനനമോ പട്ടാഭിഷേകമോ വായിക്കുന്ന ദിനം ഉല്‍സവമായിത്തന്നെ ആഘോഷിക്കുകയും ചെയ്തിരുന്നു. വാല്മീകി എഴുതിയതല്ല എന്ന വിശ്വാസത്തില്‍ ഉത്തരരാമചരിതം വായിക്കുക പതിവില്ല. രാമായണമാസത്തില്‍ ബാലകാണ്ഡം മുതല്‍ ശ്രീരാമപട്ടാഭിഷേകംവരെ ഒരാവൃത്തിയെങ്കിലും വായിച്ചു തീര്‍ക്കണമെന്നാണു പറയുക. കുറഞ്ഞത് സുന്ദരകാണ്ഡമെങ്കിലും.

രാമായണപാരായണം ചെയ്യുമ്പോള്‍ ഓരോ കാണ്ഡവും കേക, കാകളി, കോകിലം, കളകാഞ്ചി എന്നീ വൃത്തങ്ങളിലായിരിക്കണം ചൊല്ലേണ്ടത്. ഓരോ ദിവസവും പാരായണത്തിനുശേഷം രാമായണഗ്രന്ഥം മടക്കിവയ്ക്കുമ്പോള്‍
 പൂര്‍വം രാമതപോവനാനിഗമനം,
ഹൃത്വാമൃതം, കാഞ്ചനം, വൈദേഹിഹരണം,
ജടായുമരണം, സുഗ്രീവസംഭാഷണം,
ബാലിനിഗ്രഹം, സമുദ്രധരണം,
ലങ്കാപുരിദഹനം പശ്ചാല്‍ രാവണ
കുംഭകര്‍ണമഥനം ഏതസ്യ രാമായണം
എന്ന ശ്ലോകം ചൊല്ലണമെന്നും വിശ്വാസമുണ്ട്. കര്‍ക്കിടക മാസനാളുകളില്‍ നിരന്തരം ചൊരിയുന്ന പേമാരിയുടെ മന്ത്രധ്വനിയില്‍ യാതനകളുടെ കരിമേഘങ്ങളെപ്പറ്റി രാമനാമ വിശുദ്ധിയോടെ രണ്ടു പക്ഷികള്‍ കേരളത്തിലെ ഭവനങ്ങളെ പുളകച്ചാര്‍ത്തണിയിക്കുകയാണ്. വാല്മീകിയുടെ ക്രൌഞ്ചപ്പക്ഷിയും തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പെണ്ണും. രാമനാമത്തിനു മുന്നില്‍ യാതനകളില്ല, ആധിയും വ്യാധിയുമില്ല, വിഘ്നങ്ങളും ദുഃഖവുമില്ല. ഇനിയുള്ളത് രാമകഥയുടെ മാഹാത്മ്യം മാത്രം. സര്‍വവും വിശുദ്ധമാക്കുന്ന രാമായണനദിയുടെ പ്രവാഹം മാത്രം.

എങ്ങനെയാണു രാമായണം വായിക്കേണ്ടത് ?

കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന്‌ കൃത്യമായ ചിട്ടകളുണ്ട്‌.

രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം.

നമ്മുടെ പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'രാ'യും 'നമ:ശിവ' എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'മ'യും ചേര്‍ന്ന ശൈവ-വൈഷ്‌ണവ ചൈതന്യ സ്വരൂപമായ രാമന്റെ ദിവ്യചരിതവും, ഒപ്പം അക്ഷരങ്ങളാല്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ഗ്‌ഗലോകം എന്നീ ത്രിലോകങ്ങളെയും സംബന്‌ധിക്കുന്ന ദേവമാതാവായ ഗായത്രിയുടെ സ്ഥൂലരൂപവും സമന്വയിക്കുന്ന ഭാരതീയ പൈതൃകത്തിലെ അക്ഷയമായ പുണ്യമാണ്‌ ഈ മഹത്‌ഗ്രന്ഥം.

അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാം. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ പാരായണത്തിന്‌ ഉത്തമം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്‌ കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്‌ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ.

ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചുതീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

ഉച്ചവരെ കിഴക്കോട്ടും അതിനുശേഷം വടക്കോട്ടും തിരിഞ്ഞിരുന്നുവേണം പാരായണം ചെയ്യാന്‍. (പടിഞ്ഞാറോട്ട്‌ അഭിമുഖമായിരുന്ന്‌ പാരായണം ചെയ്യണമെന്നും ഒരു അഭിപ്രായമുണ്ട്‌.) വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്‌ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം അവസാനിപ്പിക്കാവൂ.

ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.

0 comments :

Post a Comment